2010, ജൂലൈ 22, വ്യാഴാഴ്‌ച

അവരുടെ വിധി; നമ്മുടെ വിധി, സെബാസ്‌റ്റ്യന്‍ പോള്‍

ഇനി നമുക്കു കോടതിയലക്ഷ്യനിയമം വേണ്ടെന്നു വയ്‌ക്കാം. ന്യായാധിപര്‍ക്കു സ്വയം ന്യായീകരണത്തിന്‌ അവസരമില്ലാത്തതുകൊണ്ടാണ്‌ അനാവശ്യമായ വിമര്‍ശത്തിനെതിരേയുള്ള പരിരക്ഷയെന്ന നിലയില്‍ കോടതിയലക്ഷ്യനിയമം പ്രവര്‍ത്തിക്കുന്നത്‌. തെരുവിലെ പൊതുയോഗം നിരോധിച്ച ജഡ്‌ജി തെരുവിലിറങ്ങി തന്റെ നിലപാടിനെ സാധൂകരിക്കാന്‍ ശ്രമിച്ചതു നമ്മുടെ നീതിനിര്‍വഹണവ്യവസ്‌ഥയിലെ നിര്‍ണായകമായ വഴിത്തിരിവാണ്‌. യോഗനിരോധത്തിനു പുറമേ മറ്റു പല കാര്യങ്ങളും ജസ്‌റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പതിനെട്ടാംപടിയുടെ വീതി കൂട്ടാന്‍ നിര്‍ദേശിച്ചതിന്റെ കാരണം പതിനെട്ടാംപടി എന്തെന്നറിയാത്ത ക്രൈസ്‌തവ വിശ്വാസികളുടെ യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു. സഭ നടത്തുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കെതിരേ സര്‍ക്കാരും ചില രാഷ്‌ട്രീയ പാര്‍ട്ടികളും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ കാരണവും അദ്ദേഹം കണ്ടെത്തി. ഇത്ര കൃത്യമായ നിലപാടുകളുള്ള ജഡ്‌ജിയുടെ മുന്നിലാണ്‌ യോഗവിധിക്കെതിരേ റിവ്യൂ ഹര്‍ജിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്‌. ഭോപ്പാല്‍വിധി പുനഃപരിശോധിക്കണമെന്നു സുപ്രീം കോടതിയില്‍ വാദിക്കുന്നത്‌ ഇതിനേക്കാള്‍ എളുപ്പമായിരിക്കും.റിവ്യൂ ഹര്‍ജി നല്‍കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനുശേഷമാണു വിധിയെഴുതിയ ന്യായാധിപന്‍ തന്റെ രാഷ്‌ട്രീയ ഫിലോസഫി സമൂഹസമക്ഷം അവതരിപ്പിച്ചത്‌. നിയമത്തിനും വസ്‌തുതകള്‍ക്കുമൊപ്പം ന്യായാധിപന്റെ വ്യക്‌തിപരമായ നിലപാടുകളും വിധിന്യായത്തെ സ്വാധീനിക്കും. അതൊഴിവാക്കാന്‍ ഒരു സംവിധാനത്തിനും കഴിയില്ല. ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ നയം വ്യക്‌തമാക്കിയ അവസ്‌ഥയില്‍ റിവ്യൂ ഹര്‍ജി മറ്റൊരു ബെഞ്ച്‌ കേള്‍ക്കുന്നതാണ്‌ ഉചിതം. വിധി പറഞ്ഞ ബെഞ്ച്‌ നിലവിലിരിക്കേ മറ്റൊരു ബെഞ്ചിലേക്കു കേസ്‌ അയയ്‌ക്കുന്നതിനു നിയമപരമായ തടസമുണ്ട്‌. ഇപ്രകാരം പല തരത്തിലുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണു ജഡ്‌ജിമാര്‍ പരസ്യമായ അഭിപ്രായപ്രകടനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നത്‌. അവരുടെ മനമെന്തെന്ന്‌ വിധി വരുവോളം ആരുമറിയരുത്‌. നിശബ്‌ദരായി കേസ്‌ കേള്‍ക്കുകയും സ്വകാര്യതയില്‍ തീരുമാനമെടുക്കുകയും സുതാര്യമായി അതു പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണു ജഡ്‌ജിമാര്‍. ഡലിവറി കഴിഞ്ഞാല്‍ ശിശുവിനെ ശൗര്യത്തോടെ സംരക്ഷിക്കുകയെന്നതു പ്രകൃതിയുടെ നിയമമാണ്‌. എന്നാല്‍ നിയമത്തിന്റെ ലോകത്ത്‌ ഡലിവറിക്കുശേഷം സൃഷ്‌ടിയെ സ്രഷ്‌ടാവ്‌ കൈവിടുന്നു. ഓസ്‌ട്രേലിയന്‍ കങ്കാരുവിനെപ്പോലെ സ്വന്തം വിധിയെ സദാ നെഞ്ചിലേറ്റി നടക്കുന്നവരല്ല ജഡ്‌ജിമാര്‍. പ്രഖ്യാപിക്കപ്പെട്ട വിധി സമൂഹത്തിന്റെ സ്വത്താണ്‌. നിലനില്‍ക്കേണ്ടവയെ സംരക്ഷിക്കും; അല്ലാത്തവയെ, അടിയന്തരാവസ്‌ഥയിലെ ഹേബിയസ്‌ കോര്‍പസ്‌ വിധി പോലെ, നിഗ്രഹിക്കും. ഹേബിയസ്‌ കോര്‍പസ്‌ കേസില്‍ വിധിയെഴുതിയ ജഡ്‌ജിമാര്‍ ഭീരുക്കളായിരുന്നുവെന്ന വിമര്‍ശത്തോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ബേഗ്‌ അതിരൂക്ഷമായി പ്രതികരിച്ചെങ്കിലും മുംബൈ അഭിഭാഷകരുടെ പ്രസ്‌താവന പ്രസിദ്ധപ്പെടുത്തിയ ടൈംസ്‌ ഓഫ്‌ ഇന്ത്യക്കെതിരെ കോടതിയലക്ഷ്യത്തിന്‌ നടപടിയെടുക്കാന്‍ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ സഹന്യായാധിപന്മാര്‍ സന്നദ്ധരായില്ല. തന്റെ സൃഷ്‌ടികളുടെ ഭാവിയെ ഓര്‍ത്ത്‌ ഒരു ന്യായാധിപനും ആകുലപ്പെടേണ്ടതില്ല. എഴുതിയത്‌ എഴുതി എന്ന മനോഭാവത്തോടെ ജഡ്‌ജിമാര്‍ അടുത്ത കേസിലേക്കു കടക്കട്ടെ. എഴുതപ്പെട്ടതു സ്വന്തം ജൈവബലത്തില്‍ നിലനില്‍ക്കും; അല്ലാത്തവ നിലംപതിക്കും. അത്തരം വിധികളെ എത്ര പൊതുയോഗങ്ങളില്‍ വിശദീകരിച്ചാലും നിലനിര്‍ത്താനാവില്ല. ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായരെപ്പോലെ എല്ലാ ജഡ്‌ജിമാരും തങ്ങളുടെ വിധിന്യായങ്ങള്‍ സമൂഹസമക്ഷം ഹിതപരിശോധനയ്‌ക്കു സമര്‍പിക്കുന്നതിനും പൊതുസംവാദത്തില്‍ ഏര്‍പ്പെടുന്നതിനും തയാറാകുന്നുവെന്നു കരുതുക. അത്‌ അനഭിലഷണീയമാണെന്ന നിലപാട്‌ എനിക്കില്ല. വിധികള്‍ക്കെതിരേ വിമര്‍ശമുണ്ടാകുമ്പോള്‍ കോടതിയലക്ഷ്യക്കുറ്റം ആരോപിക്കുന്നതിനുപകരം ജഡ്‌ജിമാര്‍ക്കു വിശദീകരണത്തിന്‌ അവസരം നല്‍കുകയാണു വേണ്ടത്‌. അവര്‍ക്കു നേരിട്ടോ രജിസ്‌ട്രാര്‍ മുഖേനയോ ആ കൃത്യം നിര്‍വഹിക്കാം. ജഡ്‌ജിമാര്‍ക്കുവേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയാണു തെരുവോരവിധി ഉണ്ടായതെന്നു ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ പരസ്യമായി പറഞ്ഞപ്പോള്‍ കുറേ സംശയങ്ങള്‍ മാറി. ഭക്‌തജനങ്ങളുടെ പ്രയാസങ്ങള്‍ രാഷ്‌ട്രീയനേതാക്കള്‍ മനസിലാക്കാത്തതുകൊണ്ടാണു പതിനെട്ടാംപടിയുടെ വീതി കൂട്ടണമെന്നു കോടതിക്കു നിര്‍ദേശിക്കേണ്ടി വന്നത്‌. സഭയുടെ വിദ്യാലയങ്ങളില്‍ അച്ചടക്കമുള്ളതുകൊണ്ടാണ്‌ അവയെ കച്ചവടസ്‌ഥാപനങ്ങളെന്നു വിളിച്ചു സര്‍ക്കാര്‍ പോരിനിറങ്ങുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.ഇപ്രകാരം ഓരോ ജഡ്‌ജിക്കും സമൂഹത്തോടു ധാരാളം അപ്രിയസത്യങ്ങളും നഗ്നസത്യങ്ങളും വെളിപ്പെടുത്താനുണ്ടാകും. വെളിപ്പെടുത്തലുകള്‍ കൂടുമ്പോള്‍ കണ്‍ഫ്യൂഷനിലാകുന്നതു ജനങ്ങളായിരിക്കും. സി.എം.എസ്‌. കോളജിലെ പ്രിന്‍സിപ്പലും പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയും കോടതിയിലെത്തിയാല്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ നായരുടെ നിലപാട്‌ എന്തായിരിക്കുമെന്നറിയാന്‍ അദ്ദേഹം കൊച്ചിയില്‍ നടത്തിയ പ്രസംഗം വായിച്ചാല്‍ മതി. ഓരോ ജഡ്‌ജിയുടെയും നിലപാടു മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്കിഷ്‌ടപ്പെട്ട ജഡ്‌ജിയെ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം വേണമെന്നു ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങും. അതത്ര അസാധാരണമായ കാര്യമല്ല. ന്യൂയോര്‍ക്കില്‍ മലയാളികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ ബാഡ്‌ജ് കുത്തിയ ഒരു അമേരിക്കന്‍ വനിത ആള്‍ക്കൂട്ടത്തില്‍ ചുറ്റി നടന്നു വോട്ട്‌ ചോദിക്കുന്നതു കണ്ടു. ജഡ്‌ജിയാകുന്നതിനുള്ള സ്‌ഥാനാര്‍ഥിയായിരുന്നു അവര്‍. അനൗചിത്യമാണു നമ്മുടെ ദേശീയസ്വഭാവം. പരാമര്‍ശങ്ങള്‍ പലപ്പോഴും അനവസരത്തിലാകുന്നു. ജസ്‌റ്റിസ്‌ രാംകുമാറിനെക്കുറിച്ചു സുപ്രീം കോടതി പറഞ്ഞതു പലരുടെ കാര്യത്തിലും ശരിയാണ്‌. ബലിവേദിപോലെതന്നെ വിശുദ്ധമാണു ന്യായവേദി. ബലിപീഠത്തില്‍നിന്നും നീതിപീഠത്തില്‍നിന്നും വിഭാഗീയമായ രാഷ്‌ട്രീയപ്രഭാഷണം കേള്‍ക്കാന്‍ നാം ഇഷ്‌ടപ്പെടുന്നില്ല. അതു നിയമപരമായി വിലക്കപ്പെട്ട കാര്യമാണ്‌. ഔചിത്യത്തോടെയും ആര്‍ജവത്തോടെയും സംസാരിക്കുമ്പോഴാണ്‌ എല്ലാ അറിവിനും മുകളില്‍ നിയമം ആദരവാര്‍ജിക്കുന്നത്‌. പോലീസും പട്ടാളവും മറ്റെല്ലാ സേനാവിഭാഗങ്ങളും എക്‌സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലായിരുന്നിട്ടും സായുധബലമില്ലാത്ത കോടതിയുടെ വാക്കുകള്‍ അനുസരിക്കപ്പെടുന്നതു ധാര്‍മികശക്‌തി നിമിത്തമാണ്‌. അതാകട്ടെ ജനങ്ങളുടെ വിശ്വാസത്തിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. അതു മാത്രമാണു കോടതി നിലനിര്‍ത്തേണ്ടത്‌. അതുകൊണ്ടു ജഡ്‌ജിമാര്‍ ജനങ്ങളോടു നേരിട്ടു സംസാരിക്കുന്നതില്‍ തെറ്റില്ല. ജനാധിപത്യത്തില്‍ സംവാദം ആരൊക്കെത്തമ്മിലാകാമോ അത്രയും നല്ലത്‌. ഏകപക്ഷീയമായ ഭീകരാക്രമണമല്ല, ചട്ടങ്ങള്‍ക്കു വിധേയമായ പോരാട്ടമാണു സംവാദം. അതിനു ജഡ്‌ജിമാര്‍ തയാറാകുമെങ്കില്‍ കോടതിയലക്ഷ്യത്തിന്റെ കാര്‍ക്കശ്യം സാവധാനം കുറച്ചു കൊണ്ടുവരാന്‍ കഴിയും. കോടതിയുടെ നടത്തിപ്പിനു മാത്രമായി കോടതിയലക്ഷ്യനിയമം പരിമിതപ്പെടുത്തിയാല്‍ വിധിയെക്കുറിച്ചും വിധികര്‍ത്താക്കളെക്കുറിച്ചും സമൂഹത്തിനു സ്വതന്ത്രമായി ചര്‍ച്ച നടത്താന്‍ കഴിയും. ആ ചര്‍ച്ചയില്‍ പങ്കുചേരുന്നതിനുള്ള സന്നദ്ധതയാണ്‌ ജസ്‌റ്റിസ്‌ സി.എന്‍.രാമചന്ദ്രന്‍ നായര്‍ കൊച്ചിയിലെ പുസ്‌തകപ്രകാശനച്ചടങ്ങില്‍ പ്രകടിപ്പിച്ചത്‌. അതു തുടരട്ടെ. ഒരു പക്ഷേ, ജുഡീഷ്യറിയുടെ ജനാധിപത്യവല്‍കരണത്തിനുവേണ്ടിയുള്ള തുടികൊട്ടാവാം ഇപ്പോള്‍ ജഡ്‌ജിമാര്‍ പ്രകടിപ്പിക്കുന്ന അസ്വസ്‌ഥത. അതു വിമര്‍ശനത്തോടുള്ള അസഹിഷ്‌ണുതയായി കാണേണ്ടതില്ല.